Kerala
തിരുവനന്തപുരം: വില്ലേജ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.
ഭൂമി ഇടപാടുകള്ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്ക്ക് കൈക്കൂലി വാങ്ങുന്നവെന്ന രഹസ്യവിവരത്തില് കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നോടെ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ ഓഫീസിലേക്ക് കയറിയ വിജിലൻസ് ഒരു ഉദ്യോഗസ്ഥന്റെ മേശക്കുള്ളിൽനിന്നു പണം കണ്ടെത്തി. 12,000 രൂപയാണ് കണ്ടെത്തിയത്. ഒരു പഴയ വീടാണ് ഓഫീസായി പ്രവർത്തിക്കുന്നത്. ഇതിന്റെ അടുക്കള ഭാഗത്തിട്ടിരുന്ന ഒരു മേശയിൽനിന്നാണ് പണം പിടിച്ചത്. ഒരു മദ്യ കുപ്പിയും ഗ്ലാസും ഇനവിടെനിന്ന് കണ്ടെത്തി. പരിശോധനയെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. ഓഫീസിൽ കൂട്ട സ്ഥലമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
District News
എരുമേലി: എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 10ന് റവന്യു-ഭവന നിർമാണ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ജില്ലയിൽ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനവും നടക്കും. പട്ടയമേളയിൽ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ ഇനിയും നൽകാനുള്ള പട്ടയങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യും.
കോട്ടയം ജില്ലയിൽ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ വില്ലേജ് ആയ എരുമേലി തെക്ക് വില്ലേജിന് സൗകര്യപ്രദമായ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുന്നതിനുവേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് 50 ലക്ഷം രൂപ അനുവദിപ്പിക്കുകയായിരുന്നു. എരുമേലിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് 10 സെന്റ് സ്ഥലത്തായിരുന്നു നിർമാണം.
വില്ലേജ് ഓഫീസ് നിർമാണത്തിന്റെ പൂർത്തീകരണ ഘട്ടത്തിൽ ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയതോടെ വില്ലേജ് ഓഫീസ് തുറക്കുന്നത് തടസപ്പെട്ടു. പിന്നീട് വീണ്ടും എംഎൽഎ ഇടപെട്ട് മതിയായ രേഖകൾ സമ്പാദിച്ച് ഹാജരാക്കി ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുത്താണ് വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത്.
31ന് രാവിലെ 10ന് വില്ലേജ് ഓഫീസ് അങ്കണത്തിൽ ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടന സമ്മേളനവും പട്ടയമേളയും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.